06:46am 25 May 2026
NEWS
​UPI ഇടപാടുകൾക്ക് നിരക്ക് ഈടാക്കാൻ സാധ്യത: റിസർവ് ബാങ്ക് സൂചന നൽകി
26/07/2025  08:16 PM IST
സുരേഷ് വണ്ടന്നൂർ
​UPI ഇടപാടുകൾക്ക് നിരക്ക് ഈടാക്കാൻ സാധ്യത: റിസർവ് ബാങ്ക് സൂചന നൽകി

തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺ പേ, വാട്സ് ആപ്പ് പേ, ആമസോൺ പേ എന്നിവയുൾപ്പെടെയുള്ള യു.പി.ഐ (Unified Payments Interface) ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ സാധ്യതയെന്ന് സൂചന. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഒരു സംവാദത്തിൽ ഇക്കാര്യം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതായിരിക്കും. കോടിക്കണക്കിന് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രം വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളൂ. നിലവിൽ യു.പി.ഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമാണ്.

​യു.പി.ഐ ഇടപാടുകൾക്ക് ബാങ്കുകൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ലഭിക്കുന്നുണ്ടെങ്കിലും, സീറോ എം.ഡി.ആർ (Merchant Discount Rate) നയപ്രകാരം ഈ തുക കേന്ദ്രം സബ്സിഡിയായി നൽകുന്നതിനാലാണ് ഉപഭോക്താക്കൾക്ക് നിരക്ക് ബാധകമല്ലാത്തത്. ഇതിനായി കേന്ദ്ര ബജറ്റിൽ 1,500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത് ദേശീയ നയമാണെങ്കിലും, ദീർഘകാല സുസ്ഥിരത ഉറപ്പാക്കാൻ ഭാവിയിൽ സബ്സിഡി ഒഴിവാക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. സബ്സിഡി നിർത്തലാക്കുകയാണെങ്കിൽ, ഈ ചെലവ് ബാങ്കുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടി വരും.

​പുതിയ മാറ്റങ്ങൾ ഓഗസ്റ്റ് 1 മുതൽ

​യു.പി.ഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗത എന്നിവ വർദ്ധിപ്പിക്കുന്നതിനായി ചില പുതിയ മാറ്റങ്ങൾ ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.
​ഫോൺ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണയിൽ കൂടുതൽ കാണാൻ സാധിക്കില്ല.
​ബാലൻസ് പരിശോധന ഒരു ദിവസം 50 തവണയായി പരിമിതപ്പെടുത്തും.
​ഒരു ഇടപാടിന്റെ പേയ്‌മെന്റ് സ്റ്റാറ്റസ് മൂന്നു തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ. കുറഞ്ഞത് 90 സെക്കൻഡ് ഇടവേളയ്ക്ക് ശേഷമേ സ്റ്റാറ്റസ് വീണ്ടും കാണാൻ സാധിക്കൂ.
​രാജ്യത്ത് ഒരു മാസം ഏകദേശം 1,800 കോടി യു.പി.ഐ ഇടപാടുകളാണ് നടക്കുന്നത്. ഇതിന്റെ മൊത്തം ഇടപാട് തുക 24 ലക്ഷം കോടി രൂപയോളമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img